കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മാവൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. പഞ്ചായത്തിലെ ഏക ആര്‍എംപി അംഗമായ ടി രഞ്ജിത്താണ് പുതിയ അധ്യക്ഷന്‍. മുസ്ലിം ലീഗിനായിരുന്നു പഞ്ചായത്തിന്റെ ഇതുവരെയുള്ള ഭരണം. ലീഗ് അംഗം പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ ജൂണ്‍ 30 ന് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു ഉമ്മര്‍ മാസ്റ്റര്‍ സ്ഥാനം രാജിവെച്ചത്. ഉമ്മര്‍ മാസ്റ്ററുടെ രാജി അംഗീകരിക്കപ്പെട്ടതോടെ വീണ്ടും പ്രസിഡന്റിനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇതോടെ ആര്‍എംപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി. മൂന്നും കോഴിക്കോട് ജില്ലയിലാണ്.
മാവൂര്‍ പഞ്ചായത്തില്‍ സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചായത്തില്‍ സിപിഎമ്മിന് എട്ട് അംഗങ്ങളാണ് ഉള്ളത്. സിപിഎം ആണ് ഇവിടുത്തെ ഏക പ്രതിപക്ഷ പാര്‍ട്ടി. മുസ്ലിം ലീഗിന് ഇവിടെ അഞ്ച് അംഗങ്ങളും കോണ്‍ഗ്രസിന് നാല് അംഗങ്ങളും ഉണ്ട്. ആര്‍എംപി അംഗത്തിന്റെ കൂടെ പിന്തുണയോടെയാണ് പഞ്ചായത്തില്‍ 18 ല്‍ പത്ത് പേരുടെ പിന്തുണ യുഡിഎഫ് ഉറപ്പാക്കിയത്. കോണ്‍ഗ്രസില്‍ നിന്നുള്ള ജയശ്രീ ദിവ്യപ്രകാശാണ് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്. ഒഞ്ചിയം, ചോറോട് ഗ്രാമ പഞ്ചായത്തുകളിലാണ് നിലവില്‍ ആര്‍ എം പിക്ക് ഭരണം ഉള്ളത്