ഖത്തറില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ; ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ, ഖത്തറുമായി സംസാരിക്കും
ദില്ലി: ഖത്തറില്‍ തടവിലായ എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറുമായി ഇക്കാര്യം സംസാരിക്കും. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്ന കമ്പനിയിലുള്ള ഇന്ത്യന്‍ നാവികരെ അറസ്റ്റു ചെയ്തത്.
ഇവര്‍ അല്‍ദഹ്‌റ എന്ന പേരുള്ള കമ്പനിയിലേക്കാണ് ജോലിചെയ്യാന്‍ പോയത്. ഖത്തര്‍ നാവിക സേനക്ക് പരിശീലനം നല്‍കുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നല്‍കുന്ന കമ്പനിയാണ് അല്‍ദഹ്‌റ. ഈ കമ്പനിയിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. എന്തൊക്കെയാണ് ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഇപ്പോഴും ഇന്ത്യക്കാരെ അറിയിച്ചിട്ടില്ല. വിചാരണ വളരെ രഹസ്യമായതിനാല്‍ ആദ്യഘട്ടങ്ങളില്‍ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യന്‍ സര്‍ക്കാരും ഖത്തര്‍ സര്‍ക്കാരും തമ്മില്‍ ചച്ചകള്‍ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായി പുറത്തുവരുന്നത്. തടവിലായ ഉദ്യോഗസ്ഥര്‍ക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം.
കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഖത്തറില്‍ ജയിലില്‍ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവര്‍ക്ക് വധശിക്ഷ നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.