ഇന്ത്യയില്‍ കരുത്തുകാട്ടി ആപ്പിള്‍
ചൈനയ്ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍ ബിസിനസുമായി ആപ്പിള്‍ വീണ്ടു കരുത്താര്‍ജിയ്ക്കുന്നു. 2020-ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇരട്ടിയിലധികം ബിസിനസാണ് കമ്പനി ഇന്ത്യയില്‍ നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ആഗോള വിണിയില്‍ ഉത്പന്നങ്ങള്‍ ലോഞ്ചു ചെയ്ത അതേദിവസമോ അല്ലെങ്കില്‍ അതേ ആഴ്ചയിലോ തന്നെ രാജ്യത്തും കമ്പനി ഉത്പന്നങ്ങള്‍ അവതരിപ്പിയ്ക്കുന്നുണ്ട്.
ആപ്പിളിനെ സംബന്ധിച്ചിടത്തോളം പ്രധാന വിപണികളില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യ.ബിസിനസില്‍ പോസിറ്റീവായ വളര്‍ച്ചയും കണ്ടു തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ റെക്കോര്‍ഡ് വരുമാനം നേടിയതിന് ശേഷമാണ് പിന്നീടുള്ള മാസങ്ങളിലും കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് ഇരട്ടിയായിരിക്കുന്നത്.
വളര്‍ന്ന് വരുന്ന വിപണികളിലെ ബിസിനസ് വര്‍ധിപ്പിയ്ക്കുന്നതിന് ആപ്പിള്‍ സ്വീകരിച്ച നടപടികളുടെ ഫലമായാണ് അഭിവൃദ്ധി എന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിസിനസ് ഇരട്ടിയായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ അവസരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച കുറവാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 2020 അനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ അവസാന ത്രൈമാസത്തില്‍ ആറാം സ്ഥാനം ആപ്പിള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലാം പാദത്തില്‍ 171 ശതമാനം വളര്‍ച്ചയും 2020 ല്‍ 93 ശതമാനം വളര്‍ച്ചയുമാണ് കമ്പനി നേടിയിരിക്കുന്നത്. ഇതേ കാലയളവില്‍ ആപ്പിള്‍ ഫോണുകളുടെ കയറ്റുമതി 1.5 ദശലക്ഷം യൂണിറ്റുകള്‍ കടന്നു. ഓണ്‍ലൈന്‍ വില്‍പ്പനയും വര്‍ധനയുണ്ട്. 30 ശതമാനം വില്‍പ്പനയും ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍പോര്‍ട്ടലുകളിലൂടെയാണ്.