കല്‍ക്കരി: യുപി അടക്കം കൂടുതല്‍ സംസ്ഥാനങ്ങള്‍ പ്രതിസന്ധിയില്‍; ക്ഷാമമില്ലെന്ന് കേന്ദ്രം
ദില്ലി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ വൈദ്യുതി പ്രതിസന്ധി കൂടൂതല്‍ സംസ്ഥാനങ്ങളിലേക്ക്. ദില്ലിയില്‍ പ്രതിസന്ധിയുണ്ടെന്ന് വൈദ്യൂതി മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുപി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. കല്‍ക്കരി വിതരണം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചെന്ന് കോള്‍ ഇന്ത്യ വ്യക്തമാക്കി.
പ്രതിസന്ധിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഊര്‍ജ്ജ നിയന്ത്രണത്തിലേക്ക് കടക്കുകയാണ് പല സംസ്ഥാനങ്ങളും. മഹാരാഷ്ട്രയിലെ 13 താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബില്‍ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോള്‍ മഹാരാഷ്ട്ര നേരിടുന്നത്. പഞ്ചാബും സമാനമായ സാഹചര്യം നേരിടുകയാണ്. നിലവില്‍ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തി.
ദില്ലിക്ക് ലഭിച്ചിരുന്ന 4000 മെഗാവാട്ട് വൈദ്യുതിക്ക് പകരം നിലവില്‍ പകുതി മാത്രമാണ് കിട്ടുന്നതെന്ന് വൈദ്യൂതി മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. പ്രതിസന്ധി തുടര്‍ന്നാല്‍ കടുത്ത നിയന്ത്രണം നടപ്പാക്കാനാണ് തീരുമാനം. ഏട്ട് വൈദ്യൂത നിലയങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെയാണ് യുപിയില്‍ മുഖ്യമന്ത്രി യോഗി അടിയന്തര യോഗം വിളിച്ചത്.
ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തില്‍ കോള്‍ ഇന്ത്യയുടെ കീഴിലുള്ള ഏഴ് ഉപകമ്പനികള്‍ക്ക് ഉല്‍പാദനം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച്ച 17.11 ലക്ഷം ടണ്‍ കല്‍ക്കരി വിവിധ സംസ്ഥാനങ്ങള്‍ക്കായി അയച്ചെന്നും രണ്ടാഴ്ച്ചക്കുള്ളില്‍ കൂടൂതല്‍ കല്‍ക്കരി വിതരണം ചെയ്യുമെന്നും സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് അറിയിച്ചു.