പൊലീസ് നടപടികള്‍ വൈകിപ്പിച്ചു; കളമശ്ശേരി മെഡിക്കല്‍ കൊളേജില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടിയത് ഏറെ വൈകി
ആലുവ, ആലങ്ങാട്ട് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്ത ബേപ്പൂര്‍ സ്വദേശിയുടെ മൃതദേഹത്തോട് അധികൃതര്‍
അനാദരവ് കാട്ടിയെന്നും ബോഡി വിട്ടുകിട്ടാന്‍ വൈകിയെന്നും ബന്ധുക്കള്‍. കഴിഞ്ഞ ദിവസമാണ് ബേപ്പൂര്‍ സ്വദേശിയായ ഷിജിനെ 70 ശതമാനത്തിലധികം പൊള്ളലോടെ കളമശ്ശേരി മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം മരിക്കുകയും ചെയ്തു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റുമായി ആലുവയില്‍ നിന്ന് പൊലീസ് എത്തിയെങ്കിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയതോടെ മൊഴി രേഖപ്പെടുത്താന്‍ വിമുഖത കാണിച്ച് പൊലീസ് തിരികെപോയെന്നും പിന്നീട് ഏറെ വൈകിയാണ് തിരിച്ചെത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകി. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടവും വൈകി. അതേസമയം സ്വഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇന്‍ക്വസ്റ്റ് നടത്താന്‍ വൈകിയതെന്നാണ് പൊലീസിന്റെ ഭാഗം. ഇക്കാര്യത്തില്‍ വ്യക്തമായ നടപടി നല്‍കാന്‍ ആശുപത്രി അധികൃതരും തയ്യാറായിട്ടില്ല.