മലപ്പുറത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ വള്ളമാണ് മറിഞ്ഞത്. പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാന്‍, മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഹംസക്കുട്ടിയെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷിപ്പെടുത്തി. മറ്റ് മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബര്‍ വളളം.
ഇന്നലെ മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഹംസക്കുട്ടിയെ മറ്റൊരു മത്സ്യബന്ധന ബോട്ടിലുള്ളവരാണ് രക്ഷപ്പെടുത്തിയത്. അവശ നിലയിലായ ഇയാളെ വൈകിട്ട് മൂന്ന് മണിയോടെ കരയ്ക്ക് എത്തിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.