ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളി തര്‍ക്കം;
കേസുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുന്നിലുള്ളത്. പള്ളിത്തര്‍ക്കം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും, ചര്‍ച്ചകളിലൂടെ ഇരു സഭകളും ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നിലപാട്. ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ചിലര്‍ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്ക വിഷയം പരി?ഗമിക്കവേ കഴിഞ്ഞ ആഴ്ച കോടതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പൊലീസിനെ ഉപയോഗിച്ചേ മതിയാകൂവെന്നതാണ് ഒരു വിഭാഗത്തിന്റെ താല്‍പര്യം. കോടതി അത്തരം നിലപാടിലേക്ക് കടക്കാത്തത് ദൗര്‍ബല്യമായി കണക്കാക്കരുതെന്നും അന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് വിവിധ പള്ളിക്കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു വിമര്‍ശനം 1934 ലെ ഭരണഘടനയില്‍ പങ്കാളിത്ത ഭരണമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്തുകൊണ്ട് 34-ലെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും കോടതി ആരാഞ്ഞു.
അതേ സമയം റിട്ട. ജസ്റ്റിസ് കെ.ടി തോമസ് കമ്മിഷന്‍ ശുപാര്‍ശകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയേ മതിയാകൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.