ഇന്ത്യ യുഎഇ വ്യാപാരബന്ധം വിപുലപ്പെടുത്തുന്നു; 100 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ക്ക് കൈകോര്‍ക്കുന്നു
ദില്ലി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം ദൃഢപ്പെടുത്താനുള്ള ഒരുക്കത്തിലാണ് യുഎഇ. എണ്ണയിടപാടുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രധാനമായും നടക്കുന്നത്. എന്നാല്‍ ഇന്ത്യയുമായി എണ്ണയിതര വ്യാപാരബന്ധങ്ങളിലും ഏര്‍പ്പെടാന്‍ യുഎഇ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുമായി കൈകോര്‍ത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 100 ബില്യണ്‍ ഡോളറിന്റെ വ്യാപാര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ യുഎഇ ഒരുക്കംകൂട്ടുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടന അതിവേഗം വളര്‍ച്ച കുറിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയ്ക്ക് പുറത്ത് നിന്നും സാമ്പത്തിക സഹകരണം ശക്തപ്പെടുത്തുകയാണ് പുതിയ നീക്കത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
വ്യാപാരബന്ധം ദൃഢപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വൈകാതെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനും സഹകരണം വഴിതെളിക്കുമെന്ന് ദില്ലി ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ വിദേശ വ്യാപാര മന്ത്രി ഥാനി അല്‍ സിയൂദി പറഞ്ഞു. ഈ വര്‍ഷം ഡിസംബറോടെ വ്യാപാരം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തീകരിക്കും. 2022 തുടക്കത്തില്‍ത്തന്നെ യുഎഇയുമായി വ്യാപാര കരാറുകളില്‍ ഒപ്പിടുമെന്ന പ്രതീക്ഷ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര വ്യാപാര മന്ത്രി പിയൂഷ് ഗോയല്‍ പങ്കുവെച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ നിന്നും നേരിടുന്ന ശക്തമായ മത്സരം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി യുഎഇ പുതിയ കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. വ്യാപാര, സാമ്പത്തിക രംഗങ്ങളില്‍ പിടിമുറുക്കി ആഗോള ഹബ്ബെന്ന പ്രതിച്ഛായ വീണ്ടെടുക്കുകയാണ് യുഎഇയുടെ ആത്യന്തിക ലക്ഷ്യം. ഏഷ്യ, ആഫ്രിക്ക വന്‍കരകളിലാണ് യുഎഇയുടെ ഇപ്പോഴത്തെ കണ്ണ്. വലിയ വളര്‍ച്ചാ സാധ്യത കല്‍പ്പിക്കപ്പെടുന്ന സമ്പദ്ഘടനകളുമായി സമഗ്രമായ സാമ്പത്തിക സഹകരണം പ്രഖ്യാപിക്കുമെന്ന് ഈ മാസമാദ്യം യുഎഇ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞവാരം ബ്രിട്ടണില്‍ 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചും യുഎഇ സൂചിപ്പിക്കുകയുണ്ടായി. എന്തായാലും കോവിഡിന്റെ രണ്ടാം തരംഗം വരുത്തിവെച്ച ക്ഷീണത്തില്‍ നിന്നും പിടിച്ചുകയറാന്‍ യുഎഇയുമായുള്ള പുതിയ വ്യാപാരബന്ധം ഇന്ത്യയെ സഹായിക്കും. കോവിഡിന് മുന്‍പ് 40 ബില്യണ്‍ ഡോളറിന്റെ എണ്ണയിതര വ്യാപാരങ്ങള്‍ ഇന്ത്യയും യുഎഇയും തമ്മില്‍ നടന്നിരുന്നു. നിലവില്‍ ഇന്ത്യയാണ് യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയും. കരാറില്‍ ഒപ്പുവെച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരബന്ധം 100 ബില്യണ്‍ ഡോളര്‍ തൊടുമെന്നാണ് യുഎഇയുടെ പ്രതീക്ഷ.
വ്യാപാര കരാറിന്റെ ഭാഗമായി തുണിത്തരം, ആഭരണനിര്‍മാണം, വൈദിക ഉപകരണം, ഫിന്‍ടെക്ക്, പെട്രോകെമിക്കല്‍ എന്നീ വ്യവസായ മേഖലകളിലായിരിക്കും ഇന്ത്യയും യുഎഇയും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. നിലവില്‍ വലിയൊരു ഇന്ത്യന്‍ സമൂഹം യുഎഇയില്‍ തൊഴില്‍ നേടുന്നുണ്ട്. ഇന്ത്യയിലെത്തുന്ന വിദേശപണത്തിന്റെ നല്ലൊരു ശതമാനം യുഎഇയില്‍ നിന്നാണുതാനും. പറഞ്ഞുവരുമ്പോള്‍ യുഎഇ എയര്‍ലൈനായ എമിറേറ്റ്സിന്റെ പ്രധാന വിപണികളില്‍ ഒന്നാണ് ഇന്ത്യ. രാഷ്ട്രീയമായി നിരീക്ഷിച്ചാലും യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം പ്രസക്തമാണ്. ഈ വര്‍ഷമാദ്യം ഇന്ത്യയും പാകിസ്താനും തമ്മിലെ ചര്‍ച്ചകള്‍ക്ക് യുഎഇ മധ്യസ്ഥത വഹിച്ചിരുന്നു. വ്യാപാരബന്ധം വിപലുപ്പെടുത്തണമെന്ന ആശയം ഉടലെടുക്കും മുന്‍പുതന്നെ ഇന്ത്യയില്‍ വിവിധ യുഎഇ ഗ്രൂപ്പുകള്‍ നിക്ഷേപം ആരംഭിച്ചത് കാണാം. 2019 -ല്‍ 7 ബില്യണ്‍ ഡോളര്‍ ചിലവില്‍ ഇന്ത്യയുമായി ഭക്ഷ്യ ഇടനാഴി സ്ഥാപിക്കാന്‍ യുഎഇ നടപടിയെടുത്തതുതന്നെ ഇതില്‍ പ്രധാനവും. 2020 ജൂണില്‍ യുഎഇ വെല്‍ത്ത് ഫണ്ടായ മുബാദല 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം ജിയോ പ്ലാറ്റ്ഫോമുകളില്‍ നടത്തി. അബുദാബിയുടെ ടാസിസ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍ സോണില്‍ 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം റിലയന്‍സും അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പുതിയ വ്യാപാരബന്ധങ്ങള്‍ വഴി സാമ്പത്തിക സഹകരണം ദൃഢപ്പെടുത്തുകയാണ് യുഎഇ ലക്ഷ്യമിടുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് വന്‍കരകളില്‍ പിടിമുറുക്കാന്‍ ഈ നീക്കം യുഎഇയെ സഹായിക്കും. ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഇന്തോനേഷ്യയുടെ ഊര്‍ജം, അടിസ്ഥാനസൗകര്യവികസനം, തുറമുഖങ്ങള്‍, വിനോദസഞ്ചാരം, കാര്‍ഷികം മേഖലകളിലാണ് യുഎഇ താത്പര്യം കാണിക്കുന്നത്.