കോഴിക്കോട്: ഡോ. പി.പി. വേണുഗോപാലിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ അവാര്‍ഡ്. ഡോ. കെ. ശരണ്‍ കാര്‍ഡിയോളജി എക്‌സലന്‍സ് അവാര്‍ഡിനാണ് അര്‍ഹനായത്. ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്ക് ഡോ. വേണുഗോപാല്‍ നല്‍കിയ സേവനവും അര്‍പ്പണ ബോധവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഡിസംബര്‍ 27ന് ഹൈദരബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ഐഎംഎ ദേശീയ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടറാണ് ഡോ. വേണുഗോപാല്‍.
എമര്‍ജന്‍സി മെഡിസിന്‍ എന്ന ആശയം ആദ്യമായി കേരളത്തിലേക്കു കൊണ്ടു വന്ന് പ്രാവര്‍ത്തികമാക്കിയത് ഡോ. വേണുഗോപാലാണ്. ആക്ടീവ് നെറ്റ് വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ് (എയ്ഞ്ചല്‍സ്) എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപകമാക്കി ബേസിക് ലൈഫ് സപ്പോട്ട് പരിശീലനം പൊതുജനങ്ങള്‍ക്ക് നല്‍കി. വേണുഗോപാലിന്റെ ഈ പ്രവര്‍ത്തനം പല ദുരന്ത മേഖലകളിലും കൈത്താങ്ങായി. കൊച്ചിയില്‍ വേണുഗോപാല്‍ നടത്തിയ സിപിആര്‍ (cardiopulmonary resuscitation) പരിശീലനം ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. എട്ട് മണിക്കൂറുകൊണ്ട് 28564 പേര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കിയാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലെ ചെറിയ ആശുപത്രികളില്‍ പോലും എമര്‍ജന്‍സി മെഡിസിനില്‍ പരിജ്ഞാനം നല്‍കി ജീവന്‍ രക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനം അദ്ദേഹം ഇപ്പോള്‍ നടത്തി വരികയാണ്.