കശ്മീരിലെ കൊലപാതക പരമ്പര: ഉന്നതതലയോഗം വിളിച്ച് അമിത് ഷാ
 



ദില്ലി: ജമ്മു  കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരരുടെ ആസൂത്രിത കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് മൂന്നരക്കാണ്് യോഗം. ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മുകശ്മീര്‍ പൊലീസ് മേധാവി, കരസേന മേധാവി, കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.യോഗത്തിനായി ദില്ലിയിലെത്തിയ  ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. മേയ് 12 മുതല്‍ നാല് സിവിലിയന്മാര്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്. യോഗത്തില്‍ അമര്‍നാഥ് തീര്‍ഥാടനത്തിന്റൈ സുരക്ഷാവര്‍ധിപ്പിക്കുന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ചയാകും. 

അതേസമയം കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. കശ്മീരിലെ ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് കഴിയണമെന്നും കോണ്‍ഗ്രസ് വക്താവ് വിവേക് തന്‍ഖ പറഞ്ഞു. 
ജമ്മുകാശ്മീരില്‍ ആശങ്ക പടര്‍ത്തി സാധാരക്കാര്‍ക്ക് നേരെ ഭീകരാക്രമണം തുടരുകയാണ്. കുല്‍ഗാമില്‍ ഇന്നലെ ബാങ്ക് മാനേജരെ വെടിവച്ചുകൊന്നതിന്റെ ഉത്തരവാദിത്വം ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഇന്നലെ രാത്രിവൈകി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടന്ന വെടിവെപ്പിലും ബീഹാര്‍ സ്വദേശിയായ ഒരാള്‍ കൊല്ലപ്പെട്ടു. ഷോപിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. 

കുല്‍ഗാം ജില്ലയില്‍ മോഹന്‍പുരയിലെ ബാങ്ക് മാനേജരും രാജസ്ഥാന്‍ സ്വദേശിയുമായ വിജയകുമാറിന് നേരെ ബാങ്കിലെത്തിയാണ് ഭീകരന്‍ വെടിയുതിര്‍ത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ജമ്മു കാശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്‌സെന്ന ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകേട്ട് കശ്മീരിലെത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നും , കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഈ ഗതി വരുമെന്നും ജെഎഫ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. ഒരാഴ്ചക്കിടെ നാല് പേരാണ് ജമ്മു കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും, സുരക്ഷിതരല്ലെങ്കില്‍ താഴ്വര വിടേണ്ടി വരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്ത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media