കേരളം നികുതി കുറയ്ക്കില്ല; സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബിജെപിയും
ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം തയ്യാറല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചതോടെ സമരങ്ങള്‍ തുടരുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. ഇന്ധന വില കുറയ്ക്കാന്‍ കേരളം തയ്യാറായില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത് ശക്തമായ ജനകീയ പ്രക്ഷോഭം കാരണമാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍(k surendran) രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിനെ മാതൃകയാക്കി സംസ്ഥാനം നികുതി കുറയ്ക്കണം. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ വില അനിയന്ത്രിതമായി കൂടിയതോടെ പ്രതിരോധത്തിലായ നേതാക്കള്‍ സംസ്ഥാന നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തി. കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനത്തിന്റെ അടവുകള്‍ പൊളിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മൂല്യ വര്‍ധിത നികുതി കുറക്കില്ലെന്ന ധനമന്ത്രി കെ.എന്‍ ഗോപാലിന്റെ നിലപാട് ജനഹിതം മാനിച്ചുകൊണ്ടുള്ള ഒന്നല്ലെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറച്ചെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി എന്താണെന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി ആവശ്യമായ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞെന്നായിരുന്നു സുധാകരന്റെ മറുപടി.
അതേസമയം, പാര്‍ട്ടിക്കുള്ളിലെ രഹസ്യങ്ങള്‍ ചോരുന്നുണ്ടെന്നും ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്ന സ്വഭാവം പാര്‍ട്ടിക്കുള്ളില്‍ കാണുന്നുണ്ടെന്ന് പറഞ്ഞ സുധാകരന്‍ ഇത് തിരുത്തേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.
എക്സൈസ് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് ഇന്നലെ രാജ്യത്ത് ഇന്ധനവില കുറഞ്ഞത്. എന്നാല്‍ കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 30 രൂപയാണ് കേന്ദ്രം വര്‍ദ്ധിപ്പിച്ച ശേഷമാണ് 5 രൂപയുടെ കുറവ് കേന്ദ്രം വരുത്തിരിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പോക്കറ്റടിച്ച് വണ്ടിക്കൂലിക്ക് കാശ് നല്‍കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി വിമര്‍ശിച്ചു.