ഗ്ലാന്‍സയുടെ പുതിയ പതിപ്പുമായി ടൊയോട്ട
മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂണ്‍ ആറിനായിരുന്നു വാഹനത്തിന്റെ വിപണിയിലെ അരങ്ങേറ്റം. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറി (ടികെഎം)ന്റെ ഉല്‍പന്ന ശ്രേണിയിലെ ഏറ്റുവമധികം വില്‍പനയുള്ള കാറുകളില്‍ ഒന്നാണ് നിലവില്‍ ഗ്ലാന്‍സ (Glanza). ഇപ്പോഴിതാ 2022 -ന്റെ തുടക്കത്തില്‍ ഗ്ലാന്‍സയ്ക്ക് ഒരു മിഡ്-ലൈഫ് അപ്ഡേറ്റ് നല്‍കാന്‍ കമ്പനി പദ്ധതിയിടുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 ടൊയോട്ട ഗ്ലാന്‍സ ഫെയ്സ്ലിഫ്റ്റിന് കുറച്ച് കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്, അതേസമയം ഇതിന്റെ എഞ്ചിന്‍ സജ്ജീകരണം മാറ്റമില്ലാതെ തുടരും. അപ്ഡേറ്റ് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും ചില മാറ്റങ്ങള്‍ പുതുക്കിയ മോഡലില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ മുന്‍വശത്ത് ചെറിയ മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്.
നിലവില്‍ G, V എന്നീ രണ്ട് ട്രിമ്മുകളിലാണ് ഗ്ലാന്‍സ് എത്തുന്നത്. 1.2 ലിറ്റര്‍ K12B, 1.2 ലിറ്റര്‍ K12 ഡ്യുവല്‍ ജെറ്റ് എന്നിവയില്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളില്‍ വരുന്നത് തുടരും. ആദ്യത്തേത് 83 bhp പവര്‍ 113 Nm torque ഉം, രണ്ടാമത്തേത് 90 bhp 113 Nm torque ഉം പുറപ്പെടുവിക്കാന്‍ പര്യാപ്തമാണ്. ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ ഒരേ അഞ്ച് സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് യൂണിറ്റുകള്‍ ഉള്‍പ്പെടും. ഗ്ലാന്‍സ K12B പെട്രോള്‍ മാനുവല്‍ ലിറ്ററിന് 21.01 കിലോമീറ്റര്‍ ARAI സര്‍ട്ടിഫൈഡ് മൈലേജ് വാഗ്ദാനം ചെയ്യുന്നു.
സങ്കര ഇന്ധന വിഭാഗത്തിലടക്കമുള്ള വാഹനങ്ങള്‍ പങ്കിടാന്‍ 2018 മാര്‍ച്ചിലാണു സുസുക്കിയും ടൊയോട്ടയും കരാറിലെത്തിയത്. തുടര്‍ന്ന് ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ടൊയോട്ട സ്വീകരിച്ച ആദ്യ മോഡലായിരുന്നു ഗ്ലാന്‍സ എന്ന പേരിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനു വേണ്ടി മാരുതി സുസുകി ഇന്ത്യയാണ് തങ്ങളുടെ ഗുജറാത്ത് പ്ലാന്റില്‍ ഗ്ലാന്‍സ നിര്‍മിക്കുന്നത്. തേജസ്സ്, ദീപ്തം എന്നിങ്ങനെ അര്‍ത്ഥം വരുന്ന ജര്‍മ്മന്‍ വാക്കില്‍ നിന്നാണ് ഗ്ലാന്‍സ എന്ന പേരിന്റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡല്‍ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിന്‍ ആണ് വാഹനത്തില്‍ ഉള്ളത്. 3 വര്‍ഷത്തെ അല്ലെങ്കില്‍ 100000 കിലോമീറ്റര്‍ വാറന്റിയും ലഭിക്കും. ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമോടെ ഇത് 5 വര്‍ഷം അല്ലെങ്കില്‍ 220000കിലോമീറ്റര്‍ ആക്കി വര്‍ധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.