കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്.ഷാഫി പറമ്പില്‍ നിരപരാധിയാണ് . ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് തടയിട്ടതിന്റ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാധ്യമങ്ങള്‍ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങള്‍ ഉള്ളിലുള്ളവരാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നതില്‍ തെറ്റില്ല.
ഇന്നലെ ഉണ്ടായത് സംഭവിക്കരുത്. കാരണം അറിയാം .പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയില്ല.നേതാക്കള്‍ക്ക് അറിയാം. അതിനാല്‍ അന്വേഷണം വേണമെന്ന അഭിപ്രായമില്ല. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാല്‍ വലിയ വാര്‍ത്ത പ്രാധാന്യം കിട്ടി. ഇത് കോണ്‍ഗ്രസിന് നല്ലതല്ല.എഐസിസിക്ക് പരാതി നല്‍കാം. പക്ഷെ അന്വേഷണത്തില്‍ കാര്യമില്ല.എല്ലാവര്‍ക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശശി തരൂരിന്റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല.പാര്‍ട്ടി പരിപാടികള്‍ തീരുമാനിക്കുന്നത് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആകരുത്.പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്. തരൂരിന്റെ സന്ദര്‍ശനം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് . വിലക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അറിയിച്ചു. അതാണ് അവസാന വാക്കെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ശശി തരൂരിന്റെ വടക്കന്‍ കേരളത്തിലെ സന്ദര്‍ശന പരിപാടികള്‍ ഇന്നും തുടരുകയാണ് .അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ ടിപി രാജീവന്റെ വീട്ടില്‍ രാവിലെ എത്തിയ തരൂര്‍ മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദര്‍ശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് ലീഗ് നേതാക്കളുമായി തരൂര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കണ്ണൂരില്‍ നടക്കുന്ന വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കുന്നുണ്ട്.