അഫ്ഗാന്‍ വിഷയത്തില്‍ സഹകരിച്ചു നീങ്ങാന്‍ ഇന്ത്യ- റഷ്യ ധാരണ
ദില്ലി: അഫ്ഗാന്‍ വിഷയത്തില്‍ രാജ്യാന്തര വേദികളില്‍ സഹകരിച്ചു നീങ്ങാന്‍ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വര്‍ക്ക് താലിബാന്‍ സര്‍ക്കാരില്‍ ഇടംപിടിച്ചതിലുള്ള അതൃപ്തി ഇന്ത്യ റഷ്യയെയും അമേരിക്കയെയും അറിയിച്ചു. നാളെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരിച്ചേക്കും.
അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയില്‍ അതൃപ്തി പുകയുന്നതിനിടെയാണ് ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. ദില്ലിയിലെത്തിയ റഷ്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. നേരത്തെ ഐക്യരാഷ്ട്ര രക്ഷ സമിതിയില്‍ ഇന്ത്യയും റഷ്യയും താലിബാനെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. താലിബാനുമായി ചേര്‍ന്നു നില്ക്കുന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്. ഇക്കാര്യത്തിലുള്ള ഭിന്നത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് വിളാഡിമിര്‍ പുട്ടിന്റെയും തലത്തില്‍ തീര്‍ക്കാനാണ് ധാരണ.
സിഐഎ മേധാവി വില്ല്യം ജെ ബേര്‍ണ്‌സും ദില്ലിയില്‍ അഫ്ഗാന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി. താലിബാന്‍ സര്‍ക്കാരില്‍ ആഭ്യന്തര ചുമതല ഹഖ്ഖാനി നെറ്റ് വര്‍ക്കിലെ സിറാജുദ്ദീന്‍ ഹഖ്ഖാനിക്കാണ്. രണ്ടായിരത്തി എട്ടില്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ചതിന് പിന്നില്‍ ഹഖ്ഖാനി നെറ്റ്വര്‍ക്കാണെന്ന് വ്യക്തമായിരുന്നു. അഫ്ഗാനിസ്ഥാന്‍ മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കില്ല എന്നതില്‍ എന്തുറപ്പെന്ന ചോദ്യമാണ് ഇന്ത്യ ചര്‍ച്ചകളില്‍ ഉന്നയിച്ചത്. നാളെ ചേരുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മേഖലയില്‍ ഭീകരസംഘടനകള്‍ ശക്തിപ്പെടുന്നതിലുളള ഇന്ത്യയുടെ ആശങ്ക പ്രകടിപ്പിച്ചേക്കും.