നീറ്റ് പരീക്ഷ: അടിവസ്ത്രം അഴിപ്പിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയ കേസെടുത്തു
 


ദില്ലി: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയ കേസെടുത്തു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷന്‍ കേസെടുക്കുന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കര്‍ശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. എന്നാല്‍, താന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു പറയുന്നത്. വിവാദം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും. കോളേജ് അധികൃതരില്‍ നിന്നും മൊഴിയെടുക്കും.

കേരള സംസ്ഥാന യുവജന കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. കൊല്ലം ആയൂരിലെ കോളേജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായി പരാതിയില്‍ പറയുന്നത്. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ ആവശ്യപെട്ടു. മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലം റൂറല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്.  

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media