ദില്ലി: പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എന്‍സിഇആര്‍ടി. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് എന്‍സിഇആര്‍ടി മാറ്റം വരുത്തിയത്.
വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ എന്‍സിഇആര്‍ടി വരുത്തിയിരിക്കുന്നത്. അയോധ്യയിലെ സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും വന്നിരിക്കുന്ന മാറ്റം. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്തുകയാണ് എന്‍സിഇആര്‍ടി. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്.എന്‍സിഇആര്‍ടി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടിലാണ് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.