ലഹരി കടത്ത്: പോലീസ് പിടിമുറുക്കുന്നു

 1681 പേരുടെ പട്ടിക തയാറാക്കി ,162പേരെ കരുതല്‍ തടങ്കലിലാക്കാന്‍ ശുപാര്‍ശ



തിരുവനന്തപുരം : സംസ്ഥാനത്തേക്ക് ലഹരി കടത്തിലെ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പൊലീസ്. സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. ലഹരി കടത്തുകാരില്‍ നിന്നും 162 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള ശുപാര്‍ശയും പൊലീസ് സര്‍ക്കാരിന് നല്‍കി.

ലഹരിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളും അന്വേഷണവും തുടങ്ങിയ പശ്ചാത്തത്തിലാണ് ക്രിമിനല്‍ സംഘത്തിന്റെ പട്ടിക തയ്യാറാക്കിയ മാതൃകയില്‍ ലഹരി കടത്തുകാരുടെ പട്ടികയും തയ്യാറാക്കിയത്. സംസ്ഥാനത്ത് ലഹരി കടത്തുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് പൊലീസും എക്‌സൈസും ആയിരക്കണക്കിന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കില്‍ 24,779 പേരെ പൊലീസ് മാത്രം ലഹരി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന ലഹരി കടത്തുകാരില്‍ നിന്നും ചില്ലറ വില്‍പ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയര്‍മാരുമെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ സംസ്ഥാനത്ത് ലഹരിമാഫിയെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് പ്രത്യേകം തയ്യാറാക്കിയത്. വന്‍തോതില്‍ ലഹരി കടത്തി വില്‍പ്പന നടത്തുന്നവര്‍, നിരവധി പ്രാവശ്യം ലഹരി കേസില്‍ ഉള്‍പ്പെടുന്നവര്‍, രാജ്യാന്തര ബന്ധമുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് പ്രത്യേകപട്ടികയില്‍ ഉല്‍പ്പെടുത്തിയത്. 1681 പേരുടെ പട്ടികയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. 

ജില്ലാ പൊലിസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സിന്റെ കൂടി സഹായത്തോടെ അതീവ രഹസ്യമാക്കിയാണ് ഓരോ ജില്ലയിലും പട്ടിക തയ്യാറാക്കി കൈമാറിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ലഹരികടത്തുകാരുള്ളതെന്നാണ് പൊലീസ് കണക്ക്. 465 പേരാണ് പട്ടികയിലുള്ളത്. വയനാടും കാസര്‍ഗോഡും 210 പേരുണ്ട്. കൊല്ലം സിറ്റിയില്‍ 189 പേരുണ്ട്. കോഴിക്കോട് റൂറലില്‍ 184 കുറ്റവാളികളും പട്ടികയിലുണ്ട്. സ്ഥിരം കുറ്റവാളികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. 

നാര്‍ക്കോട്ടിക് നിയമ പ്രകാരം പട്ടികയിലുള്ള 162 പേരെ കരുതല്‍ തടങ്കില്‍ പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങി. പൊലീസ് നല്‍കുന്ന ശുപാര്‍ശയില്‍ ഉത്തരവിടേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. പൊലീസ് ശുപാര്‍ശയില്‍ കരുതല്‍ തടങ്കിലിന് ഇതേവരെ ഉത്തരവിറങ്ങിയിട്ടില്ല. ലഹരി കച്ചവടത്തില്‍ നിന്നും സ്വത്ത് സമ്പാദിച്ച 114 പേരുടെ സ്വത്തു കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.ലഹരി കടത്തിലൂടെ സ്വത്തു സമ്പാദനം നടത്തിയവര്‍ എറണാകുളത്താണ് കൂടുതല്‍. 65 പേര്‍ ലഹരി കടത്തിലൂടെ സ്വത്തു സമ്പാദനം നടത്തിയെന്നാണ് കണ്ടെത്തല്‍

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media