തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) പ്രതിഷേധ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരുന്നു. തലസ്ഥാനത്ത് ക്ലിഫ് ഹൗസ് മുന്നില്‍ പ്രതിഷേധിച്ച മഹിള മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കറുത്ത സാരിയുടുത്തായിരുന്നു മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. പേയാട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവും ഉണ്ടായി. നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയിലും വഴിയില്‍ ഉടനീളവും കര്‍ശന സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇ എം എസ് അക്കാദമിയിലെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. ഇന്നത്തെ ആദ്യ പരിപാടി നടക്കുന്ന വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയിലേക്ക് പോകുന്നതിനായി ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെയാണ് കറുത്ത സാരി ഉടുത്ത മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പത്തി ലധികം മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.