മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി, വനിതാ നേതാക്കളെ അധിക്ഷേപിച്ചു; നടന്‍ ജോജു ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്
കൊച്ചി: വഴി തടയല്‍ സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ധന വിലവര്‍ധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരം വലിയ ഗതാഗതകുരുക്കിലേക്ക് നീങ്ങിയതോടെയാണ് ബ്ലോക്കില്‍പെട്ട നടന്‍ ജോജു ജോര്‍ജ്ജ് വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നതും പ്രതിഷേധിച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജോജു കയര്‍ത്തു. ജോജു വനിതാ നേതാക്കളോട് മോശമായി സംസാരിച്ചുവെന്നും അധിക്ഷേപ പരമാര്‍ശം നടത്തിയെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഇന്ധന വില വര്‍ധനവിനെതിരെയാണ് പ്രതിഷേധമെന്നും സാധാരണക്കാര്‍ക്ക് വേണ്ടിയാണ് സമരമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങിയാണ് റോഡ് തടയാന്‍ എത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സമാധാനമായി സമരം നടക്കുന്നതിനിടെ ജോജു പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ വാദം. സമരത്തിന് നേതൃത്വം നല്‍കുകയായിരുന്നു വനിതാ നേതാവിനോട് ജോജു അപമര്യാദയായി പെരുമാറിയെന്നും മദ്യപിച്ച് സിനിമാ സ്‌റ്റൈല്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
സംഭവത്തില്‍ നടനെതിരെ പൊലീസ് നടപടി വേണമെന്നും ഉടന്‍ തന്നെ രേഖാമൂലം പരാതി നല്‍കുമെന്നും വനിതാ നേതാവ് പ്രതികരിച്ചു. കുടിച്ചു വെളിവില്ലാതെയാണ് ജോജു കടന്ന് വന്നത്. സാധാരണക്കാര്‍ക്ക് വേണ്ടി സമരം നടത്തുമ്പോള്‍ വെറും ഷോ വര്‍ക്കാണ് ജോജു നടത്തിയതെന്ന് വനിതാ നേതാക്കള്‍ പറയുന്നു. ജോജുവിന്റെ കയ്യില്‍ കുറേ പൈസയുണ്ടാകും ഇന്ധന വില പ്രശ്‌നമായിരിക്കില്ല പക്ഷേ സാധാരണക്കാരുടെ അവസ്ഥ അതല്ല. പ്രതിഷേധക്കാര്‍ പറയുന്നു.