ഗര്‍ഭിണിയായ രണ്ടാം ഭാര്യയെ തീ കൊളുത്തി
കൊലപ്പെടുത്തി; പ്രതിയ്ക്ക് ജീവപര്യന്ത്യം തടവ്
ഇടുക്കി: ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്ത്യം തടവും 25,000 രൂപ പിഴയും. ഇടുക്കി ബൈസണ്‍വാലി കോമാളിക്കുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ ചിന്നനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി തൊടുപുഴ അഡീ. സെഷന്‍സ് ജഡ്ജി എല്‍സമ്മ ജോസഫ് പി. ശിക്ഷിച്ചത്. 2012 മെയ് 14നാണ് സംഭവം.
മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടായിരുന്ന പ്രതി രണ്ടാം ഭാര്യയായിരുന്ന ഈശ്വരിയുടെ കൂടെ താമസിക്കുന്ന സമയത്താണ് കൊലപാതകം നടത്തിയത്. ഈശ്വരിയുമായി അവര്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ച് പ്രതി വഴക്കുണ്ടാക്കി. തുടര്‍ന്ന് പ്രകോപിതനായ ചിന്നന്‍ ഈശ്വരിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ദേഹമാസകലം തീ പിടിച്ചതിനെത്തുടര്‍ന്ന് ഈശ്വരി രക്ഷപെടുന്നതിനായി പുറത്തേയ്ക്ക് ഓടി സമീപവാസിയുടെ വീട്ടുമുറ്റത്ത് വീണു. ഈ സമയം അവിടെയുണ്ടായിരുന്ന അമ്മയുടെ സഹോദരിയോട് ചിന്നനാണ് ഇത് ചെയ്തതെന്ന് പറഞ്ഞു. ഇത് കേസില്‍ നിര്‍ണായക തെളിവായി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഈശ്വരി മരണപ്പെട്ടത്. മരണസമയത്ത് ഈശ്വരി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും വൈദ്യശാസ്ത്ര തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് കുര്യന്‍ ഹാജരായി.