കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും; സുരക്ഷാ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും. സുരക്ഷാ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് നിയമസഭയില്‍ അറിയിച്ചു. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിനായി ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ദേശീയപാത 544ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയില്‍ നിര്‍മ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാന്‍ തുരങ്കം. കുതിരാന്‍ മലയെ തുരന്നുകൊണ്ടുള്ള ഈ തുരങ്കപാതയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെറ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതില്‍ ഒരു തുരങ്കം 2017 ഫെബ്രുവരിയില്‍ തുറന്നിരുന്നു. എങ്കിലും അത് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അടയ്ക്കുകയും തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തു. ഈ തുരങ്കപാതയാണ് ഇപ്പോള്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ ഉദ്ദേശിക്കുന്നത്.
നേരത്തെ കുതിരാന്‍ തുരങ്ക പാതയ്ക്ക് അഗ്നിശമനസേനയുടെ സുരക്ഷാ അനുമതി ലഭിച്ചിരുന്നു. തുരങ്കത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമെന്ന് അഗ്നിശമനസേന അറിയിച്ചു. തീയണക്കാന്‍ 20 ഇടങ്ങളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കാര്‍ബണ്‍ മോണോക്സൈഡ് നീക്കാന്‍ പ്രത്യേക ഫാനുകള്‍ പത്തെണ്ണം ക്രമീകരിച്ചു. തുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്‌നി ബാധ ഉണ്ടായാല്‍ അണയ്ക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നാണ് അഗ്നിശമന സേനയുടെ വിലയിരുത്തല്‍. തീ അണയ്ക്കാന്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തുരങ്കത്തില്‍ ഉള്ളത്. ഫയര്‍ ഹൈഡ്രന്റ് സിസ്റ്റവും സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.