ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി; ആസ്തി 10,000 കോടി
വാഷിങ്ടണ്‍: ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിള്‍ ഇങ്കിന്റെ സ്ഥാപകയും സിഇഒയുമായ വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കോടീശ്വരിയായി. 31 വയസാണ് പ്രായം. കമ്പനിയുടെ ഓഹരി വില ഉയര്‍ന്നതാണ് വിറ്റ്‌നിയുടെ നേട്ടത്തിന് പിന്നില്‍. 1.5 ബില്യണ്‍ ഡോളര്‍ (10,000 കോടി രൂപ) ആണ് ഇവരുടെ ആകെ ആസ്തി.
വ്യാഴാഴ്ച ബംബിള്‍ ഇങ്കിന്റെ ഓഹരികള്‍ 67 ശതമാനം ഉയര്‍ന്ന് 72 ഡോളറിലെത്തിയിരുന്നു. ഇതോടെ വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡിന്റെ ആസ്തിയും ഉയരുകയായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സ്വന്തമായി ഉയര്‍ന്നുവന്ന ശതകോടീശ്വരികളുടെ പട്ടികയിലാണ് വിറ്റ്‌നി ഇടംനേടിയത്. ബ്ലൂംബെര്‍ഗിന്റെ സെല്‍ഫ് മെയ്ഡ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ കൂടുതലും ഏഷ്യയില്‍ നിന്നുള്ളവരാണ്.
ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകളായ ബഡൂ, ബംബിള്‍ എന്നിവയുടെ മാതൃ കമ്പനിയാണ് ബംബിള്‍. ടിന്‍ഡര്‍, ഹിഞ്ച് എന്നിവയുമായാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ആ ഡേറ്റിങ് ആപ്പുകള്‍ മത്സരം നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ടെന്നീസ് താരം സെറീന വില്യംസ്, നടി പ്രിയങ്ക ചോപ്ര ജൊനാസ് എന്നിവര്‍ ബംബിളില്‍ നിക്ഷേപം നടത്തിയിരുന്നു.
യുഎസ്, ബാഴ്സലോണ, ലണ്ടന്‍, മോസ്‌കോ എന്നിവിടങ്ങളിലായി ആകെ 600ല്‍ അധികം പേരാണ് ബംബിളില്‍ ജോലി ചെയ്യുന്നത്. 2014ല്‍ ആണ് വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡ് ബംബിള്‍ സ്ഥാപിച്ചത്. തലപ്പത്ത് സ്ത്രീ മേധാവി ആയിട്ടുള്ള ലോകത്തിലെ ചുരുക്കം ചില ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്. 2006ല്‍ സ്ഥാപിതമായ ബഡൂ വെബിലും മൊബൈലിലും ലഭ്യമാകുന്ന ഡേറ്റിങ് ആപ്പുകളില്‍ ഒന്നാണ്.