രാജ്യത്തെ വിദേശനാണ്യ കരുതല്‍ധനത്തില്‍ വന്‍ കുറവ് .
രാജ്യത്തെ വിദേശനാണ്യ കരുതല്‍ധനത്തില്‍ വന്‍ ഇടിവ്. മാര്‍ച്ച് 26 -ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശ കരുതല്‍ധനം 2.986 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 579.285 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. മാര്‍ച്ച് 19 -ന് അവസാനിച്ച ആഴ്ചയില്‍ വിദേശ കരുതല്‍ധനം 233 മില്യണ്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. റിസര്‍വ് ബാങ്കാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ, ജനുവരി 29 -ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ധനം 590.185 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് തൊട്ടിരുന്നു. വിദേശ കറന്‍സി ആസ്തിയില്‍ (ഫോറിന്‍ കറന്‍സി അസ്റ്റ്) സംഭവിച്ച വന്‍ വീഴ്ചയാണ് കരുതല്‍ധനം കുത്തനെ കുറയാനുള്ള പ്രധാന കാരണം. പ്രതിവാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണ വിദേശ കറന്‍സി ആസ്തി 3.226 ബില്യണ്‍ ഇടിഞ്ഞ് 537.953 ബില്യണ്‍ ഡോളറിലേക്കെത്തി. രാജ്യത്തിൻറെ സ്വര്‍ണ ശേഖര൦ ആകെ മൂല്യം വര്‍ധിച്ചത് കാണാം. കഴിഞ്ഞവാരം സ്വര്‍ണ ശേഖരത്തിന്റെ മൊത്തം മൂല്യം 276 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 34.907 ബില്യണ്‍ ഡോളറായി മാറി. രാജ്യാന്തര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ധനാവകാശം (സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് - എസ്ഡിആര്‍) 9 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 1.49 ബില്യണ്‍ ഡോളറായി.