209 ദിവസത്തിനിടെ ഏറ്റവും കുറവ്; പുതിയതായി 18,346 പേര്‍ക്ക് രോഗബാധ; 263 മരണം
ന്യൂഡല്‍ഹി: 209 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 18,346 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്.
ഇന്നലെ സംസ്ഥാനത്ത് 8,850 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങള്‍ കൊവിഡ്-19 മൂലമാണെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചു. 1,28,736 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 18,346 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,38,53,048 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 11,41,642 പരിശോധന നടത്തിയിരിക്കുന്നത്. 57.53 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.
രാജ്യത്ത് പുതിയതായി 263 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,49,260 ആയി ഉയര്‍ന്നു. 263 കൊവിഡ് മരണങ്ങളില്‍ 149 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇതോടെ ആകെ മരണം 25,526 ആയി. കേരളത്തില്‍ 74,871 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.93 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,639 പേര്‍ കൊവിഡ് മുക്തി നേടി. ഇതോടെ 3,31,50,886 പേര്‍ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 2,52,902 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.
ഇന്നലെ ഒരു കോടിയിലധികം കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 72,51,419 പേര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 91,54,65,826 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.