സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടത് ഗവര്‍ണറല്ലേ
മാധ്യമങ്ങളെ  ബോധിപ്പിക്കണ്ട കാര്യമില്ല: മന്ത്രി ബിന്ദു


തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനവിവാദത്തില്‍ എല്ലാറ്റിലും ഗവര്‍ണറെ പഴിചാരി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് പുറത്തുവന്നതിനെതിരെയും അവര്‍ ആഞ്ഞടിച്ചു. ''ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തില്‍ ചര്‍ച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട'', മന്ത്രി പറഞ്ഞു. 

വൈസ് ചാന്‍സലറുടെ നിയമനം ഹൈക്കോടതി അംഗീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും വിസി നിയമനത്തിന് ശുപാര്‍ശ നല്‍കി കത്ത് നല്‍കിയ കാര്യം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് ഡിപ്ലോമാറ്റിക് ആയി ശരിയല്ല എന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട കാര്യം ചോദിച്ചപ്പോള്‍ അത് ഗവര്‍ണറോട് ചോദിക്കണമെന്നും മാധ്യമങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ലെന്നും പറഞ്ഞ് മന്ത്രി ആര്‍ ബിന്ദു ഒഴിഞ്ഞു മാറുകയാണുണ്ടായത്. 

ഗവര്‍ണര്‍ തുറന്നുവിട്ട സര്‍വ്വകലാശാലാ വിവാദത്തില്‍ സര്‍ക്കാറിനെ ഏറ്റവും വെട്ടിലാക്കിയത് കണ്ണൂര്‍ വിസി പുനര്‍നിയമനം തന്നെയാണ്. ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിയത് പിടിവള്ളിയാക്കി വിവാദങ്ങളെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം, കണ്ണൂര്‍ വിസിയെ നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവര്‍ണറെ വിമര്‍ശിച്ചു. ഗവര്‍ണറുടെ കത്തിനും പരസ്യവിമര്‍ശനങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍. 

മന്ത്രിസഭായോഗത്തില്‍ പിണറായി നടത്തിയ ഈ വിമര്‍ശനം സിപിഎം നേതാക്കള്‍ ഇനി കൂടുതല്‍ ശക്തമാക്കും. ഇന്ന് കോടതി എതിര്‍ത്തെങ്കില്‍ കണ്ണൂര്‍ വിസിക്ക് പുറത്തുപോകേണ്ട സാഹചര്യമായിരുന്നു. ഒരു വേള വിസിയെ രാജിവെപ്പിച്ച് ഗവര്‍ണറുമായുള്ള സമവായ നീക്കം ആലോചിച്ചെങ്കിലും, കോടതി പറയട്ടെ എന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. 

ഇന്ന് കോടതിയില്‍ തുണയായത് നിയമനം ഗവര്‍ണര്‍ അംഗീകരിച്ചതാണെങ്കില്‍ ഇപ്പോള്‍ നിയമനം ചട്ടം ലംഘിച്ചാണെന്ന നിലപാടിലാണ് ഗവര്‍ണര്‍. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവന്നുവെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും വിസിയെ പുനര്‍നിയമിക്കാനാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അസാധാരണ കത്തും പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് നടപടി. കേസില്‍ സുപ്രധാനമായ ഈ തെളിവുകളുമായി ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുമ്പോള്‍ മന്ത്രിക്ക് പുറത്ത് പോകേണ്ട സാഹചര്യം വരെ ഉണ്ടാകാന്‍ സാധ്യത ബാക്കിയുണ്ട്.സര്‍ക്കാര്‍ ആശ്വസിക്കുമ്പോള്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ രാജിയിലേക്ക് വിവാദം കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ് പ്രതിപക്ഷം. സമരവും നിയമനടപടികളുമായാണ് മുന്നോട്ട് പോകലാണ് ലക്ഷ്യം.

ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഒപ്പം ലോകായുക്തയെയും സമീപിക്കാനിരിക്കുകയാണ് രമേശ് ചെന്നിത്തല. സര്‍ക്കാറിനൊപ്പം സമ്മര്‍ദ്ദത്തിന് വഴങ്ങിയതിന് ഗവര്‍ണറെയും വിമര്‍ശിക്കുന്നു യുഡിഎഫ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media