ബിഗ് ബാസ്‌ക്കറ്റില്‍ ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപം വരുന്നു
കൊച്ചി: മലയാളിയായ ഹരി മേനോന്റെ നേതൃത്വത്തിലുള്ള ബിഗ്ബാസ്‌ക്കറ്റില്‍ ടാറ്റ ഗ്രൂപ്പ് നിക്ഷേപം അവസാന ഘട്ടത്തിലേയ്ക്ക്. . 20 മുതല്‍ 25 കോടി ഡോളര്‍ വരെ ടാറ്റ ബിസ് ബാസ്‌ക്കറ്റില്‍ നിക്ഷേപിച്ചേക്കും എന്നാണ് സൂചന. 60 ശതമാനം ഓഹരികള്‍ വാങ്ങിയേക്കും. ബിഗ് ബാസ്‌ക്കറ്റിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കുന്നത് കമ്പനിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പിന് സഹായകരമാകും.
മുകേഷ് അംബാനിയുടെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ പദ്ധതിയായ ജിയോമാര്‍ട്ട്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയ്ക്ക് ഒപ്പം മത്സരിച്ച് ഇ-കൊമേഴ്‌സ് രംഗത്ത് ആധിപത്യം പുലര്‍ത്താന്‍ ഏറ്റെടുക്കല്‍ സഹായകരമായേക്കും.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ സണ്‍സാണ് ഓണ്‍ലൈന്‍ പലവ്യഞ്ജന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-ഫാര്‍മസി സ്റ്റോറായ 1 എംജിയും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. 25 കോടി ഡോളര്‍ മുതല്‍ മുടക്കിയാകും ഏറ്റെടുക്കല്‍ എന്നാണ് സൂചന.ഓണ്‍ലൈന്‍ പലവ്യഞ്ജന രംഗത്തെ നിര്‍ണായക സാന്നിധ്യമാണ് ബിഗ്ബാസ്‌ക്കറ്റ്. നിലവില്‍ ചൈനീസ് ഭീമന്‍മാരായ ആലിബാബ ഗ്രൂപ്പിന് 26 ശതമാനം ഓഹരികളാണ് ബിഗ്ബാസ്‌ക്കറ്റില്‍ ഉള്ളത്.അസന്റ് ഗ്രൂപ്പ്, സിഡിസി ഗ്രൂപ്പ് എന്നിവയ്ക്കും കമ്പനിയില്‍ ഓഹരി പങ്കാളിത്തം ഉണ്ട്. ഇവയ്ക്ക് ഒപ്പം ആലിബാബയും ബിഗ്ബാസ്‌ക്കറ്റിലെ ഓഹരികള്‍ വിറ്റഴിച്ചേക്കും.ലോക്ക്ഡൗണ്‍ കാലത്ത് ബിഗ്ബാസ്‌ക്കറ്റിന്റെ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു. ഏപ്രിലില്‍ പ്രതിദിനം 160,000 ഓര്‍ഡര്‍ വരെയാണ് കമ്പനിയ്ക്ക് ലഭിച്ചിരുന്നത്. 2011-ലാണ് ബിഗ്ബാസ്‌ക്കറ്റ് സ്ഥാപിയ്ക്കുന്നത്.