ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി
ദില്ലി:രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. ദസറ ഉള്‍പ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നാതാണ് രഹസ്യ വിവരം.
നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന അറിയിച്ചു. പ്രാദേശിക സഹായം ലഭിക്കാതെ ആക്രമണം നടത്താന്‍ സാധിക്കില്ല, അതുകൊണ്ടുതന്നെ ഭീകരാക്രമണം തടയാന്‍ പൊതുജനങ്ങളുടെ സഹായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ പമ്പുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കി. ഇന്നലെ ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് രാകേഷ് അസ്താന ഇക്കാര്യം വ്യക്തമാക്കിയത്.