സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കുറ്റപത്രം തയ്യാര്‍:ഈ മാസം കോടതിയില്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം ഡോളര്‍ കടത്ത് കേസില്‍ മെയ് മാസത്തിനകം മാത്രയേ കുറ്റപത്രം ഉണ്ടാകൂ.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസും അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്തു കേസുമാണ് നിലവില്‍ കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതില്‍ സ്വര്‍ണക്കടത്ത് കുറ്റപത്രമാണ് നിലവില്‍ സമര്‍പ്പിക്കുക. ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കേസില്‍ ചോദ്യം ചെയ്ത മുഴുവന്‍ പേരും പ്രതികളാകില്ല. എന്നാല്‍ നിലവില്‍ അറസ്റ്റിലാകാത്ത ചിലരെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കസ്റ്റംസ് അന്വേഷണ സംഘം വെളിപ്പെടുത്തി.
അതേസമയം ഡോളര്‍ കടത്തില്‍ മെയ് മാസത്തിനകം മാത്രമേ കുറ്റപത്രം നല്‍കൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. നിലവിലെ പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന് മെയ് മാസം സ്വാഭാവിക ട്രാന്‍സ്ഫര്‍ വരേണ്ടതാണ്. ഇതിന് മുന്നോടിയായി കേസ് തീര്‍ക്കാനാണ് നീക്കമെന്നും കസ്റ്റംസ് സംഘം വ്യക്തമാക്കി.