കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്ക് മേല്‍ സമ്മര്‍ദം. കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് സമ്മര്‍ദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കി. സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ഭര്‍ത്താവ് ആരോപിച്ചു.
മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ഭാര്യയയെ മാനസികമായി ഉപദ്രവിക്കുന്നുണ്ടെന്ന് ഭര്‍ത്താവ് പറയുന്നു. കേസില്‍ ചര്‍ച്ച നടത്താം എന്നാണ് പറയുന്നത്. ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന് അവര്‍ പറഞ്ഞ് പരത്തുന്നു. അറ്റന്‍ഡര്‍ തസ്തികയില്‍ ഉള്ള വനിത ജീവനക്കാരാണ് ഭാര്യയെ സമീപിക്കുന്നത്.15 ഓളം ആളുകള്‍ രണ്ട് ദിവസമായി വരുന്നു.വാര്‍ഡില്‍ വന്നാണ് സമ്മര്‍ദം. പരാതി പിന്‍വലിക്കണം, നഷ്ടപരിഹാരം തരാം എന്നാണ് അവര്‍ പറയുന്നത്. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് ഭാര്യ പരാതി നല്‍കിയിട്ടുണ്ട്.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍ വച്ചാണ് ആശുപത്രി ജീവനക്കാരന്‍ വടകര സ്വദേശി ശശീന്ദ്രന്‍ പീഡിപ്പിച്ചതെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചരാവിലെ ആറു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റന്‍ഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാള്‍ അല്‍പസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതി. മറ്റൊരു രോഗി ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ശസ്ത്രക്രിയക്കു വേണ്ടി അനസ്‌തേഷ്യ നല്‍കിയിരുന്നതിനാല്‍ മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോള്‍ വാര്‍ഡിലുണ്ടായിരുന്ന നഴ്‌സിനോട് കാര്യം യുവതി പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.