ജോജുവിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിക്ക് തെളിവില്ലെന്ന് കമ്മീഷണര്‍
നടന്‍ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നും, ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ജോജുവിന്റെ പരാതിയില്‍ പേര് പറഞ്ഞിട്ടുള്ള കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയെ അറസ്റ്റു ചെയ്യുമോ എന്ന ചോദ്യത്തിന്, ആരാണെങ്കിലും, പ്രതിയാണെങ്കില്‍ നടപടിയുണ്ടാകുമെന്നായിരുന്നു കൊച്ചി പൊലീസ് കമ്മീഷണര്‍ മറുപടി പറഞ്ഞത്.
അതേസമയം ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് സി എച്ച് നാഗരാജു പറഞ്ഞു. പ്രതികള്‍ എത്ര ഉന്നതരായാലും കര്‍ശനമായ നടപടിയുണ്ടാകും. മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുളള ഏഴ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ജോജുവിനെതിരായ മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ടും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കാര്‍ തകര്‍ത്ത സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ നടന്‍ തിരിച്ചറിഞ്ഞതായും എത്ര ഉന്നതരായാലും ഉടന്‍ അറസ്റ്റിലാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.