മലപ്പുറം: മങ്കട സദാചാര കൊലക്കേസില്‍ 5 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീന്‍, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈന്‍, അഞ്ചാംപ്രതി മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്.
കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആള്‍ക്കൂട്ട മര്‍ദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 3, 5 പ്രതികള്‍ക്ക് തെളിവ് നശിപ്പിച്ചതിന് 2 വര്‍ഷം കഠിന തടവും വിധിച്ചു. ഈ കൊലപാതകം ആള്‍ക്കൂട്ടക്കൊലയ്ക്കും ഭീകരവാദത്തിനും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. 2016 ജൂണ്‍ 28 നായിരുന്നു സുഹൃത്തായ യുവതിയുടെ വീട്ടില്‍ പോയതിന്, നസീര്‍ ഹുസൈനെ പ്രതികള്‍ കൂട്ടംകൂടി തല്ലിക്കൊന്നത്. 40 ഓളം സാക്ഷികളെയാണ് ഇരുഭാഗത്തില്‍ നിന്നുമായി വിസ്തരിച്ചത്. കേസില്‍ മൂന്നു പേരെ കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാവിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂട്ടറും നസീറിന്റെ സഹോദരനും പറഞ്ഞു. മര്‍ദ്ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുത്തതാണ് കേസില്‍ നിര്‍ണായകമായത്.