പാലക്കാട്: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍. ഫൈനല്‍ മത്സരം പ്രമാണിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ അവധി വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രിയോടും വിഷയം ഗൗരവമായി ആലോചിച്ച ശേഷമാണ് ഈ പൊതുഅവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനാണ് നാളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാര്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കള്‍) അവധി ആയിരിക്കുമെന്നാണ് ഉത്തരവ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതോടെ ഫൈനല്‍ നമുക്ക് അടിച്ചുപൊളിക്കാം എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചത്. ഇന്ത്യന്‍ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനല്‍ മത്സരം പൂര്‍ണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടര്‍ന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിച്ചതെന്നും റോജി എം ജോണ്‍ വിവരിച്ചു. നിലവിലെ ലോക ജേതാക്കളായ അര്‍ജന്റീനയും സ്‌പെയിനും തമ്മിലാണ് കലാശപ്പോരാട്ടം. ലിയോണല്‍ മെസിയും ലാമിന്‍ യമാലും നേര്‍ക്കുനേര്‍ പോരടാനിറങ്ങുമ്പോള്‍ കേരളം ഒന്നാകെ വിശ്വപോരാട്ടത്തിനായി കാത്തിരിക്കുകയാണ്.