മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട കനത്ത തോല്‍വിയുടെ കാരണങ്ങള്‍ പരസ്യമായി എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ പ്രതിരോധിച്ചപ്പോള്‍ ശക്തി ഉണ്ടായില്ലെന്നും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്നും ഷംസീര്‍ തുറന്നുസമ്മതിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, അയ്യപ്പ സംഗമം,വെള്ളാപ്പള്ളിയെ കൊണ്ടു നടന്നത് എല്ലാം തിരിച്ചടിയായെന്ന വിമര്‍ശനമാണ് ഷംസീറും തുറന്നു സമ്മതിക്കുന്നത്. മലപ്പുറം കാളികാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീറിന്റെ സ്വയം വിമര്‍ശനം.
ഇങ്ങനെ തോല്‍ക്കുമെന്ന് നമ്മളും വിചാരിച്ചില്ലെന്നും മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീര്‍ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. സിപിഎം സംസ്ഥാന സമിതിയും പിന്നീട് കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയ കാര്യങ്ങളാണ് ഷംസീര്‍ പരാമര്‍ശിച്ചത്. എന്നാല്‍ ഇവയില്‍ ഒന്നുംതന്നെ എംവി ഗോവിന്ദന്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ ഇതേവരെ പരസ്യമായി പുറത്ത് പറഞ്ഞിരുന്നില്ല. കേന്ദ്ര കമ്മിറ്റി വിലയിരുത്തലും പരസ്യമായി അംഗീകരിക്കാന്‍ ഗോവിന്ദനോ മറ്റു നേതാക്കളോ തയ്യാറായിരുന്നില്ല. പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ച മാധ്യമങ്ങളിലൂടെ പുറത്തു വന്നെങ്കിലും ഇത് ആദ്യമായാണ് ഒരു സംസ്ഥാന നേതാവ് വെട്ടിത്തുറന്ന് പറയുന്നത്. നേരത്തെ എംവി ജയരാജന്‍ തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചു എന്ന് പ്രാദേശിക മാധ്യമത്തില്‍ പറഞ്ഞത് പിന്നീട് അദ്ദേഹം തന്നെ തിരുത്തിയിരുന്നു. പക്ഷേ ഒരു പാര്‍ട്ടി പൊതുയോഗത്തില്‍ ഷംസീര്‍ തുറന്നടിച്ചത് പാര്‍ട്ടിക്കകത്തെ ഒരു വിഭാഗത്തിന്റെ പൊതു വികാരമാണ് എന്ന് വിലയിരുത്തപ്പെടുന്നു