കോഴിക്കോട്: പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകള്‍. ഈ ജില്ലകളിലാണ് ഉരുള്‍പൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയില്‍ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും ഒറ്റരാത്രി കൊണ്ട് പെയ്ത അതിതീവ്ര മഴയില്‍ കനത്ത വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും പെട്ട് സംസ്ഥാനത്ത് ഇതുവരെ ഏഴ് പേര്‍ മരണപ്പെട്ടു.
കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടി വീട് ഇടിഞ്ഞു വീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതിയും, കോലാഹലമേട്ടില്‍ വീടിനു മുകളില്‍ മണ്ണുവീണ് വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ക്കും ജീവന്‍ നഷ്ടമായി. മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് അബ്ദുല്‍ മുഹൈനി (3), ആദം അയ്മന്‍ (4) എന്നീ രണ്ടു കുട്ടികളും മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയില്‍ വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബെന്നി എന്നയാളും കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴയില്‍ ഡാമുകളില്‍ അതിവേഗം ജലനിരപ്പുയരുന്നതും ഭീഷണിയാണ്. ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മൂഴിയാര്‍, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, തൃശൂര്‍ പെരിങ്ങല്‍കുത്ത്, തിരുവനന്തപുരം നെയ്യാര്‍, പാലക്കാട് മംഗലം എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. പമ്പ, മണിമല നദികളില്‍ അപായകരമായ വിധത്തില്‍ ജലനിരപ്പ് ഉയരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ വിനോദസഞ്ചാരം പൂര്‍ണ്ണമായും നിരോധിക്കുകയും മലയോര മേഖലകളില്‍ രാത്രി യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും മുഖ്യമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയും അഭ്യര്‍ത്ഥിച്ചു.
3avamn