ദില്ലി: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇന്ത്യന്‍ കപ്പലുകളെ സുരക്ഷിതമായി എത്തിക്കാന്‍ ഓപ്പറേഷന്‍ ഊര്‍ജ്ജ സുരക്ഷയുമായി നാവികസേന. ഹോര്‍മുസിലുള്ള ഇരുപത് ഇന്ത്യ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കി അഞ്ച് പടക്കപ്പലുകളെ വിന്യസിച്ചതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ജാഗ് വസന്ത് എന്ന എല്‍പിജി ടാങ്കര്‍ ഇന്ന് ഇന്ത്യന്‍ തുറമുഖത്ത് എത്തും.
ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് തുറന്നെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. റഷ്യ, ചൈന, പാക്കിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്. എല്‍പിജി, എല്‍എന്‍ജി, ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ ഉള്‍പ്പെടെ നിലവില്‍ 20 കപ്പലുകളാണ് ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ അഞ്ച് എണ്ണം ഈ ആഴ്ച്ചയോടെ പുറപ്പെടും. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷന്‍ ഊര്‍ജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യം വെക്കുന്നത്. ഇതിനായി പടക്കപ്പലുകള്‍ സേന വിന്യസിച്ചിരിക്കുന്നത്. നേരത്തെ രണ്ട് ഇന്ധന ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നിരുന്നു. ഇവയ്ക്ക് നാവികസേന അകമ്പടിയും നല്‍കി.
92000 ടണ്‍ എല്‍പിജിയാണ് ഈ കപ്പലുകളില്‍ ഉള്ളത്. ഇതില്‍ ജാഗ് വസന്ത് ഇന്ന് ഇന്ത്യന്‍ തുറമുഖത്ത് എത്തും. മറ്റൊരു കപ്പലായ പൈന്‍ ഗ്യാസ് നാളെയാണ് എത്തുക. ഇതിനിടെ പെട്രോളിയം കമ്പനിയായ നയാര ഡീസലിനും പെട്രോളിനും വില കൂട്ടി. പെട്രോളിന് അഞ്ച് രൂപ മുപ്പത് പൈസയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികള്‍ വില കൂട്ടിയിട്ടില്ല.