കോഴിക്കോട്: ഉസ്താദിന്റെ വേഷത്തില്‍ പള്ളിയില്‍ക്കയറി മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂര്‍ അരക്കിനാട് കുപ്പിയില്‍ ഷംസുദ്ദീനെ (41) യാണ് അമ്പലവയല്‍ പോലീസ് പിടികൂടിയത്. മഞ്ഞപ്പാറ ജുമാമസ്ജിദില്‍നിന്ന് 1,60,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്.അമ്പലവയല്‍ വടുവന്‍ചാല്‍ പാതയില്‍ മഞ്ഞപ്പാറ ടൗണിലുള്ള പള്ളിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മോഷണം നടന്നത്. ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് മുറിക്കുള്ളില്‍ കയറിയത്. രണ്ടു മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. മോഷണത്തിനുശേഷം പുറത്തിറങ്ങി മറ്റൊരു താഴുപയോഗിച്ച് മുറിപൂട്ടി. താക്കോല്‍ സമീപത്തുതന്നെ വെച്ചശേഷം സ്ഥലംവിട്ടു.
രാവിലെ പള്ളിയില്‍ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്നത് മനസ്സിലാക്കിയത്. ഉടന്‍ അമ്പലവയല്‍ പോലീസില്‍ വിവരമറിയിച്ചു. പരിസരത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷത്തിലെത്തിയ ഒരാള്‍ പള്ളിപ്പരിസരത്തേക്കു കയറുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പോലീസ് പിടികൂടിയത്.അമ്പലവയല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പള്ളികളില്‍ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണെന്നും മുമ്പും ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.