പാലക്കാട്: കേരളത്തിന്റെ പുതിയ ബ്രാന്‍ഡി മിന്നല്‍ മാജിക് ഈ മാസം വിപണിയില്‍ എത്തും. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിയാണ് മിന്നല്‍ മാജിക്. പാലക്കാട് മേനോന്‍പറയിലെ പ്ലാന്റില്‍ നിന്നാണ് മിന്നല്‍ മാജിക്ക് ബെവ്കോ ഔട്ട്ലെറ്റുകളില്‍ എത്തുക.
അരലിറ്റര്‍ കുപ്പിയാണ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക. അരലിറ്റര്‍ കുപ്പിയുടെ വില 400 രൂപയാണ്. ആദ്യഘട്ടത്തില്‍ പ്രതിദിനം 9000 കെയ്സ് മദ്യമാണ് വിതരണത്തിനെത്തിക്കുക. പിന്നീട് ഇത് 13,000 കെയ്സായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 18 കുപ്പികള്‍ വീതമടങ്ങിയ 13,500 കെയ്സ് മദ്യം പ്രതിദിനം ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്.
ബ്രാന്‍ഡി നിര്‍മാണത്തിനാവശ്യമായ സ്പിരിറ്റ് രാജസ്ഥാനില്‍ നിന്നാണ് കരാര്‍ പ്രകാരം എത്തിക്കുന്നത്. മലമ്പുഴയിലെ പ്ലാന്റില്‍ നിന്നുള്ള ഒരു ലക്ഷം ലിറ്റര്‍ ശുദ്ധജലം ഉപയോഗിച്ചാണ് നിര്‍മാണം. മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ നടത്തിയ മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ നിശ്ചയിച്ചിരുന്ന 'മലബാര്‍ മിസ്റ്ററി' എന്ന പേര് മാറ്റി 'മിന്നല്‍ മാജിക്ക്' എന്നാക്കിയത്. മത്സരത്തിലൂടെ ലഭിച്ച പേരായിരുന്നു മലബാര്‍ മിസ്റ്ററി.