നിപ വൈറസ്;രോഗ ഉറവിടം റമ്പൂട്ടാനിൽ നിന്നെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസുകാരന്റെ രോഗ ഉറവിടം റമ്പൂട്ടാനിൽ നിന്നെന്ന് പ്രാഥമിക നിഗമനം. ഇക്കാര്യം കേന്ദ്രസംഘം അറിയിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതേക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും സമ്പർക്കപ്പട്ടിക കൃത്യമായി ശേഖരിക്കാനുമാണ് പ്രത്യേക പരിഗണന നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വീടുകൾ തോറും സർവെ നടത്തി സമ്പർക്കമുള്ളവരെ കണ്ടെത്തും. ഇതിനായി ആശാവർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. മരിച്ച കുട്ടിക്ക് തന്നെയാണോ ആദ്യം വൈറസ് ബാധിച്ചത് കുട്ടിക്ക് എവിടെനിന്നാണ് രോഗം കിട്ടിയത് തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുക സുപ്രധാനമാണെന്നും ഇതിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഹൈ റിസ്ക് കോണ്ടാക്ട് ആയി കണ്ടെത്തി നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും കുഴപ്പമില്ലെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗലക്ഷണമുള്ളത്. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള ഏഴ് പേരുടെ സാംപിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
നിപ വൈറസ് ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക ട്രെയിനിങ് നൽകാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. രോഗിയുമായി അടുത്തിടപെടുന്നതുകൊണ്ടുതന്നെ നിപ വൈറസ് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ആരോഗ്യപ്രവർത്തകർക്കാണ് . ഈ സാധ്യത മുന്നിൽകണ്ട് മുൻകരുതൽ എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പരിശീലനം നൽകും. നിപ രോഗിയെയും കോവിഡ് ബാധിച്ച ആളെയും എങ്ങനെ വേർതിരിച്ചറിയും എന്നത് സംബന്ധിച്ചും പരിശീലനം നൽകുമെന്ന് മന്ത്രി അറിയിച്ചു.