ഐഎന്‍എല്‍ നേതൃത്വത്തിനും
മന്ത്രിക്കുമെതിരേ ആരോപണവുമായി മുൻ ഐഎന്‍എല്‍ ഭാരവാഹികൾ
ഇടതുമുന്നണിയെ വെട്ടിലാക്കി ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കും മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനുമെതിരേ വീണ്ടും ആരോപണം. തുറമുഖവകുപ്പില്‍ ഉള്‍പ്പെടെ 200 ഓളം പേരെ അനധികൃതമായി നിയമിക്കാന്‍ നീക്കം നടക്കുന്നതായി ഐഎൻഎൽ മുൻ സംസ്ഥാന സെക്രട്ടറിമാരായ കെ.പി ഇസ്മായിൽ, സെക്രട്ടേറിയറ്റ് മെമ്പർ എം.കോം നജീബ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. ഇടതു മുന്നണി പ്രവേശത്തിനു മുൻപും ശേഷവും വിവിധ സ്ഥാനമാനങ്ങൾ പണം സമ്പാദിക്കാനുള്ള മാർഗമായി അദ്ദേഹം ദുരുപയോഗം ചെയ്തു. മന്ത്രിയെ പോലും പിൻതള്ളിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
പ്രതിസന്ധിയിലൂടെ കാൽ നൂറ്റാണ്ടു നീങ്ങിയ പാർട്ടിക്കു നേതൃത്വം നല്കിയ നിരവധി പേരാണ് കാസിം ഇരിക്കൂർ- ദേവർ കോവിൽ ടീം പുറത്താക്കിയത്. കാസിം ഇരിക്കൂർ പതിവായി കണ്ണൂരിൽ നിന്നും തിരുവന്തപുരത്തേക്കു യാത്ര ചെയ്യുന്നത് വിമാനത്തിലാണ്. പ്രോട്ടോകോൾ കാറ്റിൽ പറത്തിയാണ് കാസിം ഇരിക്കൂർ മന്ത്രി അഹമദ് ദേവർ കോവിലിന്‍റെ പരിപാടികളിൽ പങ്കെടുക്കുന്നത്. പിഎസ് സി കോഴയുമായി ബന്ധപ്പെട്ട വിഷയത്തിൽ 15 പേരെ ഇന്‍റർവ്യൂ ചെയ്തെന്ന അവകാശവാദം ഗൗരവതരമാണ്. ആര് എപ്പോൾ എവിടെ ഇന്‍റർവ്യൂ നടത്തിയെന്നത് വ്യക്തമാക്കണം. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മറവിൽ കോടികളാണ് കണക്കില്ലാതെ പാർട്ടി പിരിച്ചെടുത്തത്. മന്ത്രി ടിപി രാമകൃഷ്ണനെതിരെ പേരാമ്പ്രയിൽ മത്സരിച്ച ലീഗ് സ്ഥാനാർത്തിക്കൊപ്പമുള്ള താമരശ്ശേരി രൂപത സന്ദർശനം എൽഡിഎഫ്, സിപിഎം പ്രവർത്തകരിൽ നിന്നു മറച്ചു വെച്ചു. പോപ്പുലർ ഫ്രണ്ടിന്‍റെ പോഷക ഘടകമായി റിഹാബ് ഫൗണ്ടേഷന്‍റെ ദേശീയ ഉപാധ്യക്ഷനായ സുലൈമാൻ ആണ് ഐഎൻഎലിന്‍റെ ദേശീയ പ്രസിഡന്‍റെന്നും ഇതുതന്നെയാണ് ദുര്‍ഗതിക്ക് കാരണമെന്നും നേതാക്കള്‍ ആരോപിച്ചു.