ബംഗലുരു:കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ഉശസ്ഥതയിലുളള ബസുകളില്‍ ഇനി മുതല്‍ യാത്ര സൗജന്യം. കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'ശക്തി' പദ്ധതി പ്രകാരമാണ് യാത്ര സൗജന്യമാക്കുന്നത്. . എക്സ്പ്രസ് ബസ് സര്‍വീസുകള്‍, എസി, വോള്‍വോ എന്നിവ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ ആദ്യ 20 കിലോമീറ്റര്‍ സൗജന്യമായി യാത്ര ചെയ്യാം. 'ഉദാഹരണത്തിന്, ബല്ലാരി മുതല്‍ ആന്ധ്രാപ്രദേശിനുള്ളില്‍ 20 കിലോമീറ്റര്‍ വരെ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം'-സിദ്ധരാമയ്യ പറഞ്ഞു.
വിധാന സൗധയില്‍ നാളെ രാവിലെ 11 ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും. മജസ്റ്റിക് മുതല്‍ വിധാനസൗദവരെ 4 കിലോമീറ്റര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ബസില്‍ കണ്ടക്ടറായി യാത്ര ചെയ്യുകയും ചെയ്യും. സൗജന്യ യാത്ര ലഭ്യമാക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും സ്ത്രീകള്‍ ക യ്യില്‍ കരുതണം. ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം സ്ത്രീകളും പദ്ധതിയുടെ ഭാഗമാകും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന 'ഗൃഹജ്യോതി' ജൂലൈ ഒന്നു മുതല്‍ കലബുറഗിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേ ദിവസം തന്നെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ സൗജന്യ അരിയോ ഭക്ഷ്യധാന്യമോ നല്‍കുന്ന 'അന്ന ഭാഗ്യ' പദ്ധതി മൈസൂരുവില്‍ തുടക്കം കുറിക്കും. 'ഗൃഹ ലക്ഷ്മി' പദ്ധതി (ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി) ഓഗസ്റ്റ് 16 ന് ജില്ലാ ആസ്ഥാനമായ ബെലഗാവിയില്‍ നിന്ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.