കോഴിക്കോട്: ആയുര്‍വ്വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഎച്ച്എംഎ) 18-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 16ന് കോഴിക്കോട്ട് നടക്കും. ഹോട്ടല്‍ വുഡ്ഡീസിലെ 'എം.ടി. വാസുദേവന്‍ നായര്‍' നഗറില്‍ നടക്കുന്ന സമ്മേളനം രാവിലെ 10.30ന് വനം - വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. എഎച്ച്എംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സനല്‍ കുമാര്‍ കുറിഞ്ഞിക്കാട്ടില്‍ അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് മുണ്ടക്കൈ ദുരന്ത ബാധിത മേഖലകളില്‍ എഎച്ച്എംഎ 'ആയുര്‍മിത്രം' പരിപാടിയുടെ ഭാഗമായി സന്നദ്ധ സേവനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും. ഡോ. പി.എം. വാര്യര്‍, ഡോ. വിജയന്‍ നങ്ങേലില്‍, ഡോ.എസ്. സജി കുമാര്‍, ഡോ. സി. സുരേഷ് കുമാര്‍, ഡോ. ബി.ജി ഗോകുലന്‍, ഡോ. പി.ടി.എന്‍ വാസുദേവന്‍ മൂസ്, ഡോ. പി. റഹ്മത്തുള്ള എന്നിവര്‍ ആദര സമര്‍പ്പണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഡോ. പി. റഹ്മത്തുള്ള നന്ദിയും പറയും.
സാമൂഹ്യ ആരോഗ്യ മേഖലയില്‍ ആയുര്‍വ്വേദ ആഹാരം - ആയുര്‍വ്വേദ ഔഷധ സസ്യങ്ങള്‍ - രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂന്നിയ പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഒപ്പം സുരക്ഷിതം ആയുര്‍വ്വേദം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളും ആവിഷ്‌ക്കരിക്കും. കേരളത്തിലെ സ്വകാര്യ ആയുര്‍വ്വേദ അശുപത്രികളെയും ക്ലിനിക്കുകളേയും പ്രതിനിധീകരിക്കുന്ന ഏക സംഘടനയാണ് എഎച്ച്എംഎ. വാര്‍ത്താ സമ്മേളനത്തില്‍ എഎച്ച്എംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സനല്‍ കുറിഞ്ഞിക്കാട്ടില്‍, സെക്രട്ടറി ഡോ. രമാ ബേബി കൃഷ്ണന്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ ഡോ.പി.സി. മനോജ് കുമാര്‍, കണ്‍വീനര്‍ ഡോ. ജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.