ക്യാപിറ്റോള്‍ അതിക്രമം; ട്രംപിനെ കുറ്റവിമുക്തനാക്കി യുഎസ് സെനറ്റ്
വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച ക്യാപിറ്റോള്‍ അതിക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. ചരിത്രപരമായ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണ വേളയിലാണ് മുന്‍ പ്രസിഡന്റിനെ ശിക്ഷിക്കണമെന്ന വാദം ഭൂരിപക്ഷം സെനറ്റ് റിപ്പബ്ലിക്കന്‍മാരും നിരാകരിക്കുകയായിരുന്നു.കുറ്റക്കാരനാണോ എന്ന് വിധിക്കുന്നതിനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച രണ്ടരയോടെയാണ് പൂര്‍ത്തിയായത്. അഞ്ച് ദിവസത്തെ വിചാരണയില്‍ ഡെമോക്രാറ്റിക് പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുകയായിരുന്നു. ജനുവരി ആറിനാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ക്യാപ്പിറ്റോള്‍ അതിക്രമം ഉണ്ടായത്.
പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കുറ്റക്കാരമെന്ന് വിധിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ജനുവരി 20 ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം തന്റെ ഫ്േളാറിഡ ക്ലബ്ബിലേക്ക് താമസമാക്കിയ ട്രംപ് വിധിയെ സ്വാഗതം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയുടെ മറ്റൊരു ഘട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ഞങ്ങളുടെ ചരിത്രപരവും ദേശസ്‌നേഹവും മനോഹരവുമായ പ്രസ്ഥാനം ഇപ്പോള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.