ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയില്‍ മഴ കനക്കുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങള്‍ റദ്ദാക്കി. സ്വര്‍ണാഭരണ ശാലകള്‍ ഇന്ന് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു. രാവിലെ 8:10നു ലാന്‍ഡ് ചെയ്യണ്ട അബുദാബി വിമാനം ബംഗലൂരുവിലേക്ക് തിരിച്ചുവിട്ടു. മുന്‍കരുതലെന്നോണം ജനങ്ങള്‍ ഫ്‌ലൈ ഓവറുകളില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തത് ഗതാഗതം തടസ്സപ്പെടാനും കാരണമായി.
കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയ്ക്ക് ശേഷം ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം. തമിഴ്‌നാടിന്റെയും തെക്കന്‍ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്. 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ ഇന്ന് അവധി നല്‍കി. സ്‌പെഷ്യല്‍ ക്‌ളാസുകളോ പരീക്ഷകളോ നടത്തരുത് എന്നാണ് നിര്‍ദേശം. ഐടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുത് എന്നും വിനോദ പരിപാടികള്‍ വാരാന്ത്യത്തില്‍ സംഘടിപ്പിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി വരെ സാധാരണ നിലയില്‍ നടക്കും.