കോഴിക്കോട്:: യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുവാന്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന സ്വതന്ത്ര യാത്രിക പദ്ധതിക്ക് വ്യാഴാഴ്ച ബേപ്പൂരിലെ ഗോതീശ്വരത്ത് തുടക്കമാവും. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലാണ് ഈ പദ്ധതി ആദ്യമായി നിലവില്‍ വരുക. യാത്രയുടെ ഫ്‌ലാഗ് ഓഫ് 31ന് രാവിലെ ഒമ്പതുമണിക്ക് ഗോതീശ്വരം ബീച്ചില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഓഫ് വുമണ്‍ എന്ന സ്വതന്ത്ര സംഘടന വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് പ്രകാരം മണ്ഡലത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇരുചക്ര വാഹന യാത്ര നടത്താന്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് സഹായം ഒരുക്കും. ജീവിതത്തിലെ എല്ലാ തുറയിലും പെട്ട സ്ത്രീകള്‍ക്കുവേണ്ടി നിരവധി യാത്രകള്‍ സംഘടിപ്പിച്ച് അനുഭവമുള്ള സംഘടനയാണ് വേള്‍ഡ് ഓഫ് വുമണ്‍.
രാജ്യത്തുതന്നെ ആദ്യമായാണ് സര്‍ക്കാര്‍ പങ്കാളിത്തതോടെ സ്ത്രീകള്‍ക്ക് മാത്രമായി ഒരു വിനോദ യാത്രാ പദ്ധതി നടപ്പാക്കുന്നത്. ബേപ്പൂരില്‍ ആരംഭിക്കുന്ന പദ്ധതി വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സ്ത്രീകള്‍ തനിച്ച് നടത്തുന്ന യാത്രകള്‍ ലോക വ്യാപകമായി ടൂറിസം രംഗത്ത് പുതിയ പ്രവണതയാണെന്നും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കും തികഞ്ഞ സുരക്ഷിതത്വത്തോടെ യും എല്ലാ സൗകര്യങ്ങളുടെയും യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെ യാത്രക്ക് ഒരുങ്ങുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഹോംസ്റ്റേ, മെച്ചപ്പെട്ട പോലീസ് സഹായം, ഹോട്ടല്‍ ശൃംഖല കളുമായുള്ള സഹകരണം തുടങ്ങിയവ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.