രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; എ.സി.മൊയ്തീനെ ചോദ്യം ചെയ്യും: ഇഡി നടപടികള്‍ കടുപ്പിക്കുന്നു



തൃശൂര്‍: സിപിഎം നേതാവും എംഎല്‍എയുമായ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളില്‍ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മച്ചാട് സര്‍വീസ് സഹകരണ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമന്‍സ് അയക്കുന്നതില്‍ ഇന്ന് തീരുമാനം എടുക്കും. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടില്‍ എത്തിയതെന്ന് എസി മൊയ്തീന്‍ സ്ഥിരീകരിച്ചിരുന്നു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ പ്രതികരണം. 22 മണിക്കൂര്‍ മാധ്യമങ്ങള്‍ തന്റെ വീടിനു മുന്നില്‍ കാത്തു നിന്നില്ലേ, അതായിരുന്നു അജണ്ട എന്ന് അദ്ദേഹം പ്രതികരിച്ചു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും താന്‍ ആര്‍ക്കോ വായ്പ ലഭിക്കാന്‍ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ആ കാലത്ത് താന്‍ ഡിസിസി സെക്രട്ടറിയായിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നില്‍ക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവില്‍ തനിക്കില്ല. ഇരിങ്ങാലക്കുട സ്വദേശിയായ വ്യക്തിയുടെ മൊഴിയുണ്ടെന്ന് ഇഡി സംഘം  പറഞ്ഞത്. വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും  അന്വേഷണസംഘം അരിച്ചുപെറുക്കി.അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച  വിവരങ്ങള്‍ ഓഫീസില്‍ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു. മൊയ്തീന്റെ പ്രതികരണം വന്നതിന്റെ തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തു വരുന്നത്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media