രാജ്യത്തെ ഏറ്റവും വിലകൂടിയ സൂപ്പര്‍കാര്‍ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി; വില 12 കോടി
ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്ലാരന്‍ ഓട്ടോമോട്ടീവ് ഇന്ത്യയില്‍ അവതരിപ്പിച്ച 'മക്ലാരന്‍ 765 LT സ്‌പൈഡര്‍' സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. കാര്‍ കളക്ടറും സംരംഭകനുമായ നസീര്‍ ഖാനാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സൂപ്പര്‍കാര്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ 'മക്ലാരന്‍ 765 LT സ്‌പൈഡര്‍' വാങ്ങുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.
ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകൂടിയ കാറുകളിലൊന്നാണ് 'മക്ലാരന്‍ 765 LT സ്‌പൈഡര്‍'. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയും കാര്‍ പ്രേമിയുമായ നസീര്‍ ഖാനാണ് മക്ലാരന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വേഗതയേറിയ കണ്‍വേര്‍ട്ടബിളുകളിലൊന്നായ 765 LT സ്‌പൈഡര്‍ സ്വന്തമാക്കിയത്. ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ നസീറിന്റെ ഗാരേജില്‍ ഉണ്ട്.
ലംബോര്‍ഗിനി, ഫെരാരി, റോള്‍സ്-റോയ്സ് എന്നിവയുള്‍പ്പെടെ നിരവധി വിദേശ കാറുകള്‍ നസീറിന്റെ ഗാരേജില്‍ ഉണ്ടെങ്കിലും മക്ലാരന്‍ 765 LT സ്‌പൈഡര്‍ തികച്ചും വ്യത്യസ്തമാണ്. ഒരു ലിമിറ്റഡ് എഡിഷന്‍ കാറായതിനാല്‍ ആകെ 765 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കപ്പെടുകയുള്ളൂ, അതില്‍ ഒന്നിനെയാണ് നസീര്‍ സ്വന്തമാക്കിയിരിക്കുന്നത്. വോള്‍ക്കാനോ റെഡ് ഷേഡ് നിറമാണ് നസീര്‍ കാറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന് കൂടുതല്‍ കസ്റ്റമൈസേഷനുകള്‍ ലഭിച്ചോ എന്ന് ഇതുവരെ അറിവായിട്ടില്ല.
നസീര്‍ തന്റെ സൂപ്പര്‍കാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. 765 പിഎസും 800 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് മക്ലാരന്‍ 765 LT സ്‌പൈഡറിന് കരുത്തേകുന്നത്. മക്ലാരന്‍ 765 LT യുടെ ഉയര്‍ന്ന വേഗത ഏകദേശം 330 km/h ആണ്, ഇത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നായി സ്‌പൈഡറിനെ മാറ്റുന്നു.