പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി; പൊലീസിന് അറസ്റ്റ് ചെയ്യാം
 


തിരുവനന്തപുരം: അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പാലാരിവട്ടം പൊലീസിന്റെ നോട്ടിസ് പി.സി.ജോര്‍ജ് ഇന്ന് കൈപ്പറ്റിയിരുന്നു. അല്‍പ്പ സമയത്തിനികം തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് സൂചന.

പി.സി.ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമര്‍പ്പിച്ച സിഡി കോടതി നേരത്തേ പരിശോധിച്ചിരുന്നു. പി.സി.ജോര്‍ജ് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് സിഡിയില്‍ ഉണ്ടായിരുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി.ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സാമൂഹിക പ്രതിബന്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത്. അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാന്‍ കഴിയില്ല. പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കിയതിനുശേഷമാണ് വെണ്ണലയിലെ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സമ്മര്‍ദത്തിലാകുന്നതിന്റെ പേരിലാണ് ഈ നടപടികളെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പി.സി.ജോര്‍ജ് മത വിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഈ മാസം ഒന്നാം തീയതിയാണ് പി.സി.ജോര്‍ജിനു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുര്‍ബലമായ റിപ്പോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (പന്ത്രണ്ട്) ജഡ്ജി ആശ കോശിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്നാണ്, സര്‍ക്കാര്‍ ജാമ്യം റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ പൊലീസിനു പരാതി നല്‍കി. തുടര്‍ന്ന് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വസതിയില്‍നിന്ന് നന്ദാവനം എആര്‍ ക്യാംപില്‍ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media