ദില്ലി: മദ്യം ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയില്‍ ഇളവ് വേണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ഫ്രഞ്ച് സ്പിരിറ്റ് ഭീമന്‍ പെര്‍നോഡ് റിക്കാര്‍ഡ്. വളരെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം തങ്ങളുടെ മദ്യത്തില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നുവെന്നാണ് പെര്‍നോഡ് പരാതിപ്പെട്ടിരിക്കുന്നത്. ചിവാസ് റീഗല്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് പെര്‍നോഡ് റിക്കാര്‍ഡ്. ഇറക്കുമതി ചെയ്ത മദ്യത്തിനുള്ള 150 ശതമാനം നികുതി പെര്‍നോഡ് ഉള്‍പ്പെടെയുള്ള മദ്യഭീമന്മാര്‍ക്ക് മുന്നില്‍ വെല്ലുവിളിയാകുന്നുണ്ട്. 150 ശതമാനം നികുതിയെന്നത് മറ്റ് വിപണികളെ അപേക്ഷിച്ച് വളരെക്കൂടുതലാണെന്നാണ് കമ്പനിയുടെ വാദം.
കര്‍ണാടയില്‍ ചിവാസ് റീഗല്‍ ബോട്ടില്‍ ഒന്നിന് 6100 ഓളം രൂപ വിലവരുമ്പോള്‍ ലണ്ടനില്‍ വെറും 30 ഡോളര്‍ (1500 രൂപ) മാത്രമേ വിലവരുന്നുള്ളൂ. സോഷ്യലായി മദ്യപിക്കുന്നതിന് ഇന്ത്യയിലടക്കം സാമൂഹ്യ അംഗീകാരം ലഭിച്ചുവരുന്ന ഈ പശ്ചാത്തലത്തില്‍ അധിക നികുതിയുടെ ഈ ഭാരം തങ്ങളുടെ പ്രീമിയം ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നുവെന്നാണ് കമ്പനിയുടെ വാദം.
വലിപ്പവും ജനസംഖ്യയും അനുസരിച്ച് നോക്കിയാല്‍ ഇന്ത്യ ചിവാസ് റീഗല്‍ അടക്കമുള്ള മദ്യങ്ങളുടെ സുപ്രധാന വിപണിയാണെന്നും ഉയര്‍ന്ന നികുതി തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും പെര്‍നോഡ് റിക്കാര്‍ഡ് പറയുന്നു. ഉയര്‍ന്ന നികുതിക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മദ്യനയങ്ങളിലെ വ്യത്യാസവും തങ്ങള്‍ക്ക് പ്രതിസന്ധിയാകാറുണ്ടെന്ന് പെര്‍നോഡ് റിക്കാര്‍ഡ് പറയുന്നത്.