കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയുടെ സൈ്വര്യം കെടുത്തുന്ന അരിക്കൊമ്പനെ തല്‍ക്കാലം വെടിവെച്ച് കൂട്ടിലടയ്‌ക്കേണ്ടെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ നിരീക്ഷിക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാം. വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയേയും കോടതി നിയോഗിച്ചു. ആനയെ പിടിക്കാതെ മറ്റൊരു വഴിയുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഹൈക്കോടതി അനുകൂല നിലപാടെടുത്താല്‍ നാളെ പുലര്‍ച്ചെ നാലിന് അരിക്കൊമ്പനെ പൂട്ടാനുളള വനം വകുപ്പിന്റെ നീക്കത്തിനാണ് തിരിച്ചടിയേറ്റത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടലടയ്ക്കുന്നതൊഴികെയുളള എന്ത് നിര്‍ദേശവും സര്‍ക്കാരിന് വയ്ക്കാമെന്ന് കോടതി പറഞ്ഞു. എത്രയാനകളെ ഇങ്ങനെ കെണിയിലാക്കുമെന്ന് ചോദിച്ച കോടതി, ഒരു കൊമ്പന്‍ പോയാല്‍ മറ്റൊന്ന് വരുമെന്നും പറഞ്ഞു. കാട്ടിലുളള മുഴുവന്‍ മൃഗങ്ങളേയും പിടികൂടി കൂട്ടിലടയ്ക്കാനാണോ ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് വ്യക്തമാക്കിയ കോടതി, ചിന്നക്കനാലിലെ നിലവിലെ സാഹചര്യം പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.
ചിന്നക്കനാല്‍ അറിയാവുന്ന രണ്ടുന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആനയുടെ പെരുമാറ്റവും പ്രകൃതവും തിരിച്ചറിയാന്‍ രണ്ട് വിദഗ്ധരും കോടതിയെ സഹായിക്കാന്‍ ഒരു അമിക്കസ് ക്യൂരിയും സംഘത്തിലുണ്ടാകും. അടുത്ത സിറ്റിങ്ങിന് മുമ്പ് ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും തുടര്‍ നടപടി. ആന പ്രശ്‌നമുണ്ടാക്കിയാല്‍ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാം. ആനകളുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യരെ കൊണ്ടുപോയി താമസിപ്പിച്ചവരാണ് ഇതിന് മറുപടി പറയേണ്ടതെന്ന് പറഞ്ഞ കോളനി 301 കോളനിയിലടക്കമുളളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വാത പരിഹാരമെന്നും പരാമര്‍ശിച്ചു.
എന്നാല്‍ ആനയെ പിടികൂടി കൂട്ടിലടയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ചിന്നക്കനാല്‍- ശാന്തമ്പാറ പഞ്ചായത്തും അറിയിച്ചു. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും ശാശ്വതപരിഹാരത്തിനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പിടികൂടാന്‍ എത്തിയ പ്രത്യേക സംഘം കുറച്ച് ദിവസം കൂടി ചിന്നക്കനാലില്‍ തുടരാന്‍ കോടതി ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും ആനയെ മയക്കുവെടിവെച്ച് പിടിക്കണോയെന്ന കാര്യത്തില്‍ അന്തിമ ഉത്തരവ് ഉണ്ടാവുക.