പാലക്കാട്: ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവില്‍ അടച്ചുറപ്പുള്ളൊരു വീടായി. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നല്‍കിയിരിക്കുന്നത്.അട്ടപ്പാടിയിലെ നക്കുപതി ഊരില്‍ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ സൂക്ഷിക്കാന്‍ പോലും വീട്ടില്‍ ഇടമില്ലെന്ന് നഞ്ചിയമ്മ പലപ്പോഴും സങ്കടം പറഞ്ഞിരുന്നു. അവാര്‍ഡുകള്‍ വീട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് വീട് പണിയാന്‍ തയ്യാറായി വന്നത്. മൂന്ന് മാസം മുന്‍പ് വീടിന്റെ തറക്കല്ലിട്ടു പണി അതിവേഗം പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം നഞ്ചിയമ്മ പുതിയ വീട്ടില്‍ താമസമാക്കി. പഴയ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് വീട് പണിതിരിക്കുന്നത്. ഇനി ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ വിലപ്പിടിപ്പുള്ളതൊക്കെ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം.
അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.